Saturday, 11 September 2021

എന്താ നമ്മുടെ മക്കൾ ഇങ്ങനെ ?

ഒരു വൃത്തികെട്ട തമാശയിലൂടെ തുടങ്ങാം... രൂപസാദൃശ്യമുള്ള രണ്ടുപേർ കണ്ടുമുട്ടുമ്പോൾ, ഒരുവൻ : " എൻ്റെ അച്ഛൻ പണ്ടൊരു നാടോടി ആയിരുന്നു, അതായിരിക്കാം ", രണ്ടാമൻ : " അതെ ആ സമയത്ത് എൻ്റെ അച്ഛൻ നിങ്ങളുടെ അമ്മയെ കണ്ടിട്ടുണ്ടായിരിക്കാം. " ഒന്നാമനെ കടത്തിവെട്ടുന്ന രണ്ടാമൻ്റെ തമാശ. ചുറ്റും നടക്കുന്ന ഇത്തരത്തിലുള്ള തമാശകൾ കേട്ട് നമ്മളെല്ലാവരും ആസ്വദിക്കുന്നു. അച്ഛനെ നായകനാകുന്നു അമ്മയെ അബലയാക്കുന്നു.
ഒരു ആൺകുട്ടി വളർന്നു തുടങ്ങുമ്പോൾ, സ്വന്തം ക്ലാസ്സിൽ ഉള്ള ഒരു പെൺകുട്ടി അവനോട് അടുത്തിടപഴകി എന്ന് അമ്മയോടോ അച്ഛനോടോ പറയുമ്പോൾ അതിനെ വളരെയധികം തമാശയോടെ കണ്ട് നിൻ്റെ കഴിവിനെ കണ്ടിട്ടാണ്... നിൻ്റെ സൗന്ദര്യം കണ്ടിട്ടാണ് എന്ന് പറഞ്ഞു നല്ലൊരു ശതമാനം സമൂഹവും, മാതാപിതാക്കളും വളരെ നിസ്സാരമായി അതിനെ പ്രോത്സാഹിപ്പിക്കും. എന്നാൽ ഇത് കേൾക്കുന്ന പെൺകുട്ടികളുടെ മാതാപിതാക്കൾ കുട്ടിയെ ശകാരിക്കുകയും അടിക്കുകയും ചെയ്യാൻ പാടില്ലാത്ത എന്തോ ചെയ്തു എന്ന ധാരണയിൽ അവളുടെ മനസ്സിനെ ചങ്ങലക്കിടുകയും ചെയ്യുന്നു. പെൺകുട്ടികളുടെ മാതാപിതാക്കളെ ഇതിനു പ്രചോദിപ്പിക്കുന്നത് ഈ ഭൂമിയിൽ മനുഷ്യൻ എന്ന ജീവിയെ നിലനിർത്താനുള്ള നിധി സൂക്ഷിക്കുന്നത് പെണ്ണിൻ്റെ ഉദരത്തിൽ ആണ് എന്നതുകൊണ്ട് മാത്രമാണ്. പഴഞ്ചൊല്ലു പോലും ഇതാണ് " ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേട് ഇലയ്ക്ക് ആണ് " ഇതാണ് എല്ലാ മാതാപിതാക്കളും പെൺകുട്ടികളെ പറഞ്ഞു പരിശീലിപ്പിക്കുന്നത്.
കൗമാരത്തിലേക്ക് ചിറകു വെച്ച് പ്രവേശിക്കുമ്പോൾ അവർ പോലുമറിയാതെ ഇവരിൽ എത്തിയിരിക്കുന്ന പ്രണയം എന്ന വികാരം ചിറകുവിടർത്തി, എല്ലാ ചങ്ങലകളെയും ഭേദിച്ച് പറക്കണം എന്ന് ആഗ്രഹിക്കുന്നു. മകൻ വളരുന്നതോടെ എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ്, ഞാൻ ഒരു പെൺകുട്ടിയോട് സംസാരിക്കാറുണ്ട്, അവളെ ഞാൻ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്... എന്നെല്ലാം മാതാപിതാക്കളോട് പ്രത്യേകിച്ചും അമ്മയോട് പറയുമ്പോൾ, വളരെ അഭിമാനത്തോടെ ഏറെ സന്തോഷത്തോടെ തൻ്റെ ബന്ധുക്കളോട് കുടുംബക്കാരോട് പറയാൻ അതീവതാൽപര്യം ആണ് ചില മാതാപിതാക്കൾക്ക്. ഇവിടെ അവൻ അറിയാതെ അവന് ഒരു ഹീറോയുടെ പരിവേഷം ലഭിക്കുകയാണ്. ഇവർ മറ്റുള്ളവരുടെ മുന്നിൽ ചെയ്യുന്ന വിളംബരം അവനറിയാതെ അവൻ്റെ ഹീറോയിസം വളർത്തുന്നു. അവനിലെ ആ ഹീറോ വളരെ അപ്രതീക്ഷിതമായി കേൾക്കുന്ന "എനിക്ക് താല്പര്യം ഇല്ല... എനിക്ക് ഇനി തന്നെ വേണ്ട... മാതാപിതാക്കൾ സമ്മതിക്കില്ല..."
തുടങ്ങി നിഷേധാത്മകമായിട്ടുള്ള ഏതൊരു പ്രതികരണത്തോടും തികച്ചും അസഹിഷ്ണുതയോടെ
പെരുമാറുന്നു. മുറിവേറ്റ അവന്റെ ഈഗോ മനസ്സിന് വല്ലാത്ത പിരിമുറുക്കം ഏൽപ്പിക്കുന്നു. അവന്റെ ആത്മാഭിമാനത്തിനു വലിയ ക്ഷതം വരുത്തുന്നു. ഇത്തരത്തിലുള്ള മാനസിക ക്ഷതമാണ് ഒരുവനിൽ വലിയ പകയായി പ്രതികാരമായി മാറുന്നത്. ഈ പക വളർന്ന് ഇന്ന് രണ്ടു മക്കളുടെ ജീവൻ നഷ്ടപ്പെടുന്നതിൽ എത്തിനിൽക്കുന്നു. ഇതിൽ രണ്ടുപേരും ഒരുപോലെ തെറ്റുകാരാണ്. ഇവരെ തെറ്റുകാർ ആക്കുന്നതിൽ മാതാപിതാക്കൾക്കും നിഷേധിക്കാനാവാത്ത പങ്കുണ്ട്.
സ്ത്രീ ശാക്തീകരണം എന്നു പറഞ്ഞു സ്ത്രീ തന്നെ സ്ത്രീകളെ ചെറുതാക്കി കാണുന്നതും നമ്മൾ കണ്ടു. സ്ത്രീയും പുരുഷനും അവരുടെ ശാരീരിക മാനസിക കഴിവുകൾ അനുസരിച്ച് രണ്ടും രണ്ടു തന്നെയാണ്. സ്ത്രീകൾ ചെയ്യുന്നത് പുരുഷനോ പുരുഷൻ ചെയ്യുന്നത് സ്ത്രീകൾക്കൊ ചെയ്യാൻ കഴിയണമെന്നില്ല. ഓരോരുത്തരുടെയും കഴിവിനനുസരിച്ച് അവരുടെ കർമ്മ മേഖലയെ ഭംഗിയായി വിഭജിക്കുക ആണ് സ്ത്രീശാക്തീകരണത്തിന് ഉപയോഗിക്കേണ്ട ഏറ്റവും നല്ല രീതി.
സ്ത്രീ ശാക്തീകരണം എന്ന വാക്ക് പോലും ഉപയോഗിക്കാൻ പാടില്ല. സ്ത്രീയെ അങ്ങനെ ആക്കിയെടുക്കേണ്ട ആവശ്യം ഇല്ല...
മനഃശക്തി കൊണ്ടും ഇച്‌ഛാശക്തി കൊണ്ടും പലപ്പോഴും മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്നവർ ആണ് സ്ത്രീകൾ... കായികമായ ശക്തി വെച്ചു കൊണ്ടൊ കർമ്മ മേഖലയെ വെച്ചു കൊണ്ടൊ അല്ല സ്ത്രീകളെ അളക്കേണ്ടത്.
കോവിഡ് ബാധിക്കുന്നതിന് രണ്ട് ദിവസം മുൻപ് പകുതി അബോധാവസ്ഥയിൽ ആയിട്ടുള്ള എൻ്റെ അമ്മ എന്നെ കണ്ടപ്പോൾ ആദ്യം ചോദിച്ചത്
ടെസ്റ്റ് ചെയ്തോ? എന്നാണ്. എല്ലാവരും ചോദിച്ചു എന്താണ് അമ്മ അങ്ങനെ ചോദിച്ചത് ?
എന്റെ മുഖത്ത്... എൻ്റെ കണ്ണുകളിൽ... അമ്മ എന്തെങ്കിലും വ്യത്യാസം കണ്ടു കൊണ്ടായിരിക്കാം. രണ്ടുദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്തപ്പോൾ ഞാൻ കോവിഡ് പോസിറ്റീവ് ആയിരുന്നു. അതാണ് സ്ത്രീ,... അമ്മ !
ചുരുക്കി പറഞ്ഞതാണ്, പറഞ്ഞാൽ തീരില്ല.
ഒരു സ്ത്രീ കുടുംബത്തിനും സമൂഹത്തിനു വേണ്ടി എടുക്കുന്ന പ്രയത്നത്തിനെ അളക്കാൻ ആവില്ല. ഒരു പുരുഷൻ അവൻ്റെ നായകത്വം തെളിയിച്ചുകൊണ്ട് 10 കാര്യങ്ങൾ ചെയ്യുമ്പോൾ, ആരും അറിയാതെ... ആരോടും പറയാതെ... ഒരു സ്ത്രീ ആയിരം കാര്യങ്ങളെ ചെയ്തുകൊണ്ടാണ് ഒരു കുടുംബം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നത്. ഒരേസമയം കുഞ്ഞിനെ നോക്കാനും ഭർത്താവിൻ്റെ മാതാപിതാക്കളെ നോക്കാനും, കറി വയ്ക്കൽ, തൂത്തുവാരൽ, പാത്രങ്ങൾ കഴുകൽ അങ്ങനെ അങ്ങനെ അങ്ങനെ നിരവധി കാര്യങ്ങൾ ഒരേസമയം ചെയ്യാന്നും അതിനുശേഷം വിവിധ മേഖലകളിൽ കാര്യക്ഷമതയോടെ സേവനമനുഷ്ഠിക്കുന്നതിനും, വരുമാനത്തിൻ്റെ നൂറുശതമാനവും വീട്ടിൽ ചിലവഴിക്കുന്നവളുമാണ് സ്ത്രീ.
മക്കളെ പരിശീലിപ്പിക്കണം ; ഒരു " NO " പറഞ്ഞിടത്ത് നിന്ന് മാന്യമായി ഒഴിഞ്ഞുപോകലാണ് മക്കളെ പഠിപ്പിക്കേണ്ടത് !
തനിക്ക് വേണ്ട എന്നതിനോട് " NO " പറയാനും പഠിപ്പിക്കണം... ജീവിതത്തിൽ എല്ലാം നേടിക്കൊടുത്തു മാത്രം വളർത്തരുത്, ജീവിതത്തിൻ്റെ ബുദ്ധിമുട്ടുകളെ പ്രയാസങ്ങളെ അറിഞ്ഞു വളർത്തണം. ആശിച്ചതെല്ലാം നേടിയെടുക്കാൻ കഴിയില്ല എന്ന് അനുഭവങ്ങളിലൂടെ പരിശീലിപ്പിക്കണം. ഓരോ ആഗ്രഹങ്ങളും നിറവേറ്റുന്നതെങ്ങിനെ എന്ന അനുഭവപാഠം അവരെ പറഞ്ഞു മനസ്സിലാക്കണം. ആൺകുട്ടി പെൺകുട്ടി എന്ന തരംതിരിവ് ഇല്ലാതെ കഴിവിനനുസരിച്ച് ഉള്ള മാർഗ്ഗങ്ങളെ കാണിച്ചുകൊടുക്കണം.
ഒരു ആൺകുട്ടി ഉണ്ടെങ്കിൽ ആ കുടുംബത്തിലേക്ക് വരേണ്ട ഒരു പെൺകുട്ടിയാണ് മറ്റൊരു വീട്ടിലുള്ളത് എന്ന തിരിച്ചറിവ് ആൺകുട്ടികളുടെ മാതാപിതാക്കൾക്ക് ഉണ്ടായിരിക്കണം. നിങ്ങളുടെ മകൻ ഉപയോഗിച്ച്‌ ഉപേക്ഷിച്ച ഒരു മകൾ മറ്റൊരു കുടുംബത്തിലേക്ക് പോകുന്നുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് വരുന്ന കുട്ടിയും അത്തരത്തിലൊരുവളാകാം... എൻ്റെ മകൾ മറ്റൊരു കുടുംബത്തിലേക്ക് പോകേണ്ടതാണ് എന്ന ചിന്ത പെൺകുട്ടികളുടെ മാതാപിതാക്കൾക്കും ഉണ്ടായിക്കണം. ഇത്തരത്തിൽ ചെറുപ്പം മുതലേ കുട്ടികളെ ശാക്തീകരിക്കേണ്ടതിൻ്റെ ഉത്തരവാദിത്വം നല്ലൊരു ശതമാനം മാതാപിതാക്കൾക്ക് തന്നെയാണ്.
നഷ്ടം നഷ്ടം തന്നെയാണ്. ഇനി കുറ്റപ്പെടുത്തിയിട്ടു കാര്യം ഒന്നുംതന്നെയില്ല. രണ്ടു കുടുംബത്തിനും ഓരോരുത്തരും നഷ്ടമായിരിക്കുന്നു. ഒരുപാട് പ്രതീക്ഷയോടെ വളർത്തിയ പ്രിയപ്പെട്ട സ്വന്തം മോനും മോളും ഇല്ലാതായിരിക്കുന്നു. ഒടുങ്ങാത്ത ദുഃഖമായി എന്നും തേങ്ങലായി അത് എന്നും നിലനിന്നു കൊണ്ടിരിക്കും. സമൂഹത്തിന് നൂറുകണക്കിന് മോനും മോളും ആണ് നഷ്ടപ്പെടുന്നത്... നഷ്ടപ്പെട്ട കൊണ്ടിരിക്കുന്നത്. ഒരു നിമിഷത്തിന്റെ ബലഹീനതയിൽ...
തൻ്റെ വികാരങ്ങളെ കടിഞ്ഞാണിടാൻ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന വിപത്ത് ആണിത്... ഇത് സംഭവിച്ചുകൂടാ. സമൂഹത്തെയും സഹപാഠികളെയും ബന്ധുക്കളെയും കുറ്റപ്പെടുത്താതെ, സ്വന്തം മക്കൾക്ക് ചെറുപ്പംമുതലേ എന്താണ് ശരി...
എന്താണ് തെറ്റ് എന്നും പറഞ്ഞുകൊടുത്തു വളർത്തേണ്ട ഉത്തരവാദിത്വം മാതാപിതാക്കൾക്ക് ഉണ്ട്.
അതുപോലെതന്നെ മക്കളോട്, നിങ്ങൾക്ക് ഒരു ജീവിതം ആണുള്ളത്, നൂറു വർഷത്തോളം ആയുസ്സുള്ള ഒരു നല്ല ജീവിതം. ഈ ജീവിതവും ഈ ഭൂമിയും ഈ ആകാശവും നിങ്ങളുടേതാണ്. ഇത് നൂറു വർഷം ഉപയോഗിക്കേണ്ട ഉത്തരവാദിത്വവും നിങ്ങളുടെതാണ്. അതിൽ മകളായും മകനായും, ചേട്ടനായും ചേച്ചിയായും ഭാര്യയായും ഭർത്താവായും, അച്ഛനായും അമ്മയായും, അച്ചാച്ചനായും അമ്മൂമ്മയായും, എന്നിങ്ങനെ നിരവധി റോളുകൾ ചെയ്തുതീർക്കേണ്ടതായിട്ടുണ്ട്. അത് ഒരു കാമുകൻ കാമുകി എന്ന റോളിൽ മാത്രം നിർത്തി അവസാനിപ്പിക്കരുത് ! നിങ്ങൾ തകർത്തു കളയുന്നത് നിങ്ങളെ മാത്രമല്ല ഒരു കുടുംബത്തെ മുഴുവനാണ്. സമൂഹവും ബന്ധുക്കളും സഹപാഠികളും സുഹൃത്തുക്കളും ഒരു വിഷയം വരുന്നതോടെ പഴയ കാര്യങ്ങൾ എല്ലാം മറക്കാം. എന്നാൽ നിങ്ങളുടെ മാതാപിതാക്കൾക്ക് തീരാദുഃഖം ആയി നിങ്ങൾ എന്നും അവരുടെ മനസ്സിൽ ഉണ്ടായിരിക്കും.
അത്തരമൊരു അവസ്ഥ നിങ്ങളായിട്ട് ഉണ്ടാക്കരുത്...
ഇതൊരു പ്രവർത്തിയിലും ഏർപ്പെടുന്നതിനു മുൻപ്, ഇത് എൻ്റെ ജീവിതത്തിനെ എങ്ങനെ ബാധിക്കും എന്ന് നന്നായി ചിന്തിച്ചതിനു മാത്രമേ ആ പ്രവർത്തിയിലേക്ക് ഇറങ്ങാൻ അനുവദിക്കാവൂ. ആരും കാണുന്നില്ല ഇരുട്ടാണ് എന്നതുകൊണ്ടുമാത്രം എന്തും ചെയ്യാൻ തുനിയരുത്. നിങ്ങളുടെ അറിവില്ലായ്മയെ ചോദിച്ചു മനസ്സിലാക്കാൻ ഏറ്റവും നല്ല സുഹൃത്ത് മാതാപിതാക്കളായി കാണണം. എന്തും നിങ്ങൾക്ക് മാതാപിതാക്കളോട് സംസാരിക്കാം. അവർക്ക് നിങ്ങളെ തീർച്ചയായും സഹായിക്കാൻ കഴിയും. അത് തെറ്റാണെങ്കിൽ കൂടി. അവർ അവരുടെ അനുഭവങ്ങളിലൂടെ നിങ്ങളെ നയിച്ചേക്കാം. നിങ്ങൾക്ക് ആപത്തൊന്നും വരരുത് എന്ന് ലോകത്ത് ആഗ്രഹിക്കുന്നവരിൽ ഏറ്റവും മുൻപന്തിയിൽ ഉള്ളവരാണ് നിങ്ങളുടെ മാതാപിതാക്കൾ. നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളെ 100% വിശ്വസിക്കണം. നിങ്ങൾക്ക് ചിറകു വരുന്നതുവരെ നിങ്ങൾക്ക് അവരെ പൂർണമായും ആശ്രയിക്കാം. ഇനി ചിറകു വന്നാൽ പൂർണമായും നിങ്ങൾക്ക് പറക്കാനുള്ള വേദി നിങ്ങൾ തന്നെ തിരഞ്ഞെടുക്കണം. നിങ്ങളുടെ മുന്നിൽ ഒരു വലിയ ആകാശമുണ്ട്. എത്ര ഉയരത്തിൽ വേണമെങ്കിലും നിങ്ങൾക്ക് പറക്കാം. ആ ഉയരങ്ങളിൽ ഒരുപാട് സന്തോഷങ്ങൾ ഉണ്ട്. ആ സന്തോഷങ്ങളെ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയണം. അതിലേക്ക് ഉള്ള പാകപ്പെടലാണ് നിങ്ങളുടെ യുവത്വം. ഒന്നിനും തിരക്ക് കാണിക്കരുത്. കൃത്യമായി ചെയ്യുക, സാവധാനത്തിൽ എല്ലാം വന്നുചേരും, ഇത്തരത്തിലുള്ള ഒരു നല്ല സ്വപ്നം നിങ്ങളുടെ മനസ്സിൽ ഉണ്ടായിരിക്കണം. നല്ല സ്വപ്നങ്ങളുടെ ചിറകിലേറി ആയിരിക്കണം നിങ്ങൾ പറക്കേണ്ടത്. അതിനുള്ള ഇന്ധനമാണ് നിങ്ങളിപ്പോൾ നിറയ്ക്കേണ്ടത്. ഒരിക്കൽ മാത്രം സന്ദർശിക്കാൻ അവസരം ലഭിച്ചിട്ടുള്ള ഈ പ്രപഞ്ചത്തിലെ മുഴുവൻ സൗന്ദര്യവും ആസ്വദിച്ചു കൊണ്ട് ഈ ജീവിതത്തിനെ...
നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാനും ഈ ലോകം വിടുമ്പോൾ നമ്മുടേതായ എന്തെങ്കിലും ഒരു അടയാളം...
ഇവിടെ അവശേഷിപ്പിക്കാനും നമുക്ക് കഴിയണം. അതായിരിക്കണം നിങ്ങളുടെ ജീവിത ലക്ഷ്യം.
സമൂഹത്തിന് പ്രത്യേകിച്ച് സ്കൂൾ, അധ്യാപകർ ഇവരിലൂടെ നൽകുന്ന അറിവുകൾ അനുഭവങ്ങൾ ഇന്നത്തെ തലമുറയ്ക്ക് താരതമ്യേന കുറവാണ് ലഭിക്കുന്നത്. മത്സര ലോകത്ത് കൂടുതൽ മുതൽ മാർക്ക് നേടുക എന്ന ഉദ്ദേശത്തോടെ ഇവിടെ ഓരോ അധ്യയന വർഷത്തിലും കുത്തിനിറച്ചിരിക്കുന്ന വിഷയങ്ങളെ കുട്ടികളുടെ അറിവിലേക്ക് നിറക്കാനുള്ള ബദ്ധപ്പാടിലാണ് സ്കൂളുകളും അധ്യാപകരും. തികച്ചും അപ്രതീക്ഷിതമായി മുന്നിൽ വന്നുപെടുന്ന ഒരു പ്രതിസന്ധിയെ എങ്ങനെ നേരിടാൻ എന്ന് ഒന്നും തന്നെ അറിയാത്ത കുട്ടികൾക്ക് 100% സാക്ഷരത കൈവരിച്ച് കൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി മാറണം. പാഠ്യ വിഷയങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരണം. ഓരോ വിഷയത്തിലും ലൈഫ് സ്കിൽ വിഷയങ്ങളെ ഉൾപ്പെടുത്തണം. ഓരോ പിരീഡിലും ഓരോ അധ്യാപകരും നിശ്ചിതസമയം പഠിപ്പിക്കേണ്ടത് എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ച് ആയിരിക്കണം.
മീഡിയകളെ നിയന്ത്രിക്കണം! അതെ
ചെറിയ തമാശയ്ക്ക് വേണ്ടി, ലാഭത്തിനുവേണ്ടി, ബിസിനസിനു വേണ്ടി നമ്മൾ ചെയ്യുന്ന നാടകങ്ങൾ... സിനിമകൾ... സ്കിറ്റുകൾ... ഇത് ഇന്നത്തെ തലമുറയെ ഒരുപാട് ബാധിക്കുന്നുണ്ട്. ആധുനിക ലോകത്ത് മൊബൈലിലൂടെ നെറ്റ്‌വർക്കിലൂടെ തങ്ങളുടേതായ ലോകത്തേക്ക് ഒതുങ്ങി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മാധ്യമങ്ങൾ നൽകുന്ന സന്ദേശങ്ങൾ, പ്രത്യേകിച്ചും പ്രണയത്തിനും ലൈംഗികതയ്ക്കും കൊടുക്കുന്ന തെറ്റായ മാനം വളരെയധികം യുവാക്കളെ സ്വാധീനിക്കുന്നുണ്ട്. ഇന്ന് ഒരു നായകൻ സിനിമയിലും യഥാർത്ഥ ജീവിതത്തിലും എന്തെല്ലാം ചെയ്യുന്നു എന്നതിനെ അനുകരിക്കാൻ യൂവതലമുറ ശ്രമിക്കുന്നുണ്ട്. അപ്രിയമായ സത്യങ്ങൾ പറയാതിരിക്കുക എന്ന മഹാത്മാഗാന്ധിയുടെ തത്വം ഇവിടെ പ്രസക്തമാണ്. നമ്മള് തെറ്റെന്ന് ധരിച്ചു ചെയ്യുന്ന ചില കാര്യങ്ങൾ മറ്റുള്ളവർക്ക് ശരിയായി തോന്നാം. ഒരു വ്യക്തിയുടെ സ്വകാര്യതകളിലേക്ക് കടന്നു കയറാൻ മറ്റുള്ളവർക്ക് അവസരങ്ങൾ ഉള്ള ഈ കാലഘട്ടത്തിൽ, സമൂഹത്തിൽ പ്രദർശിപ്പിക്കുന്നത് എന്തും സമൂഹത്തിൻ്റെ നന്മയെ കരുതി ആയിരിക്കണം. സമൂഹത്തോടുള്ള ധാർമികതയെ കരുതി, നന്മകൾ ഉള്ള നല്ല സന്ദേശങ്ങൾ സമൂഹത്തിലേക്ക് പ്രത്യേകിച്ചും വളർന്നുവരുന്ന യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിലൂടെയാണ് അടുത്ത നിലയിലേക്ക് സമൂഹത്തിനെ നമുക്ക് ഉയർത്താൻ കഴിയുക. സമൂഹത്തിലെ ഏറിയ ശതമാനം യുവതിയുവാക്കളാണ്. ഈ യുവതലമുറ വഴിതെറ്റിയാൽ നമ്മുടെ സമൂഹം എന്ന ഒന്ന് ഇല്ലാതാക്കും. ഈ യുവതലമുറയെ നയിക്കേണ്ടത്തിൻ്റെ ഉത്തരവാദിത്വം സമൂഹത്തിൻ്റെ കൂടിയാണ്. നമ്മൾ ഓരോരുത്തരുമാണ് സമൂഹം
എന്നതിനാൽ ഇത് നമ്മുടെ ഉത്തരവാദിത്തമാണ് .
ഇത് തികച്ചും അതും എൻ്റെ ചിന്തകളാണ് യോജിക്കുന്നവരും യോജിക്കാത്തവരും ഉണ്ടാകാം. ഈ പറഞ്ഞതിൽ തെറ്റുകളും ഉണ്ടാകാം, എന്തെങ്കിലും ഒരു ശരിയെങ്കിലുമുണ്ടെങ്കിൽ അതിനെ ചിന്തിക്കാൻ വേണ്ടിയിട്ടുള്ള ഒരു അവസരമായി എടുക്കണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് നിർത്തുകയാണ് ജയപ്രകാശ് ബാലൻ | JP
jayaprakash balan malayalam motivation quote malayalee kerala inspirational quote motivation tip malayalam jayaprakash business trainer business coach 015 

No comments:

Post a Comment

YES.., അതെ ഇത് പി.സി. തോമസ് “ പി. സി. തോമസ് “ എന്ന ബ്രാൻഡിൽ ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി നിരവധി പ്രൊഫഷണലുകളെ സൃഷ്ടിച്ച ഒരു വലിയ ബ്ര...