Saturday, 11 September 2021

 


08 May, 2021 j
അച്ഛൻ പോയി... പിടിതരാതെ..
ആരെയും അനുസരിക്കാതെ ആരുടെയും ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാതെ സ്വന്തമായ രീതികളുടെ ന്യായങ്ങളോടെ ജീവിച്ച അച്ഛൻ മൂന്നുമണിക്ക് ഇന്ന് പോയി.
അച്ഛൻ ഒരു സംഭവമായിരുന്നു. ഒരു പ്രത്യേക ജീവിതാനുഭവമാണ് അച്ഛൻ്റേത് അറിഞ്ഞിരിക്കേണ്ടതാണ്.
അച്ഛൻറെ അച്ഛൻ ഒരു കാളവണ്ടിക്കാരൻ ആയിരുന്നു, പണ്ടത്തെ കൊറേ ഭൂമിയുള്ള ഒരു വലിയ കുടുംബം, നാട്ടിലെ പ്രമാണിമാർ, വിളിപ്പേർ തബോറുക്കാർ. പണ്ടത്തെ ഗുണ്ടായിസം കുറച്ചു ഉള്ളവർ. കുറെ നിലവും കാളവണ്ടികളും ഉള്ള കുടുംബം. ഈ കുടുംബത്തിലെ ഏഴ് മക്കളിൽ ആദ്യത്തെ മകൻ.
എന്തോ അച്ചാച്ചന് അതായത് അച്ഛൻ്റെ അച്ഛന് അച്ഛനെ ഇഷ്ടമില്ലായിരുന്നു എന്നാണ് പറയുന്നത്. ഞാൻ അറിയുമ്പോൾ അച്ഛൻ അച്ചാച്ചനെ " രാക്ഷസൻ " എന്നാണ് വിളിച്ചിരുന്നത്. അച്ഛന് അച്ചാച്ചനോട് വെറുപ്പായിരുന്നു. കാരണം വളരെയധികം ഉപദ്രവിക്കാറുണ്ട് എന്നാണ് അച്ഛൻ പറയുന്നേ. ഞാൻ കേട്ട കഥ. ഒരിക്കൽ നിലം ഒഴുകുമ്പോൾ, നിലം നിരപ്പാക്കാൻ ഉപയോഗിക്കുന്ന ഒരു ഞവരി എന്ന ഒരു ഉപകരണം ഉണ്ട്, ഈ ഉപകരണത്തിൽ കാളകളെ നയിക്കുന്ന കുട്ടിയായ അച്ഛൻ്റെ പുറത്തേക്ക് കാളകളെ ശരിക്കു നടത്തിക്കുന്നില്ല എന്ന കാരണത്തിന് ഞവരി പിടി വിട്ട് അത് അച്ഛൻ്റെ പുറത്തുവന്നടിച്ചു. അച്ഛന് ഒരു ചുമയുണ്ട് എപ്പോഴും. ആ കാലമാടൻ ഞവരി വിട്ട കാരണം കൊണ്ടാണ് ഇത് എന്നാണ് അച്ഛൻ പറയാറ്. അച്ഛനെ പണിയെടുക്കാൻ മടിയാണ് എന്നതാണ് അച്ഛനെ വെറുക്കാനുള്ള കാരണമായി പറഞ്ഞിരുന്നത് എന്നാണ് പറയുന്നേ.
അച്ചാച്ചൻ്റെ ശിക്ഷണത്തിൽ നിന്ന് രക്ഷപ്പെടാൻ 17 വയസ്സിൽ അച്ഛൻ നാടുവിട്ടു. കുറേക്കാലം അച്ഛനെക്കുറിച്ച് ആർക്കും അറിയില്ല. 19 വയസ്സിൽ അദ്ദേഹം തിരിച്ചുവന്നു. ഒരു ഗവൺമെൻറ് ജോലിയുമായി. പീച്ചിൽ നിന്നും കനാൽ വഴി വരുന്ന വെള്ളം മേൽനോട്ടം വഹിക്കുന്ന ആളായി, Watchman എന്നാണ് ജോലിയുടെ പേർ. എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന വ്യക്തിത്വമാണ് അച്ഛൻ്റേത്. അതിനാൽ തന്നെ ഏതോ ഒരു വ്യക്തി അദ്ദേഹത്തിന് ഈ ജോലി നൽകിയതാണ് . ആ കാലഘട്ടത്തിൽ. തിരിച്ച് വീട്ടിൽ വന്ന് വീടിൻ്റെ കാര്യങ്ങളിലും വീടിൻ്റെ നടത്തിപ്പിലും കുടുംബത്തിന് താങ്ങായി കുറേക്കാലം. കുറച്ച് കാലങ്ങൾക്ക് ശേഷം ഓഫീസ് അസിസ്റ്റൻറ് എന്ന ജോലിയിൽ ഇറിഗേഷനിലാണ് ബാക്കിസമയം വിനിയോഗിച്ചത്.
ഇതാണ് കേട്ടറിവ് അച്ഛൻ. ഇനി കണ്ടറിഞ്ഞ അച്ഛൻ.
എൻറെ കുട്ടിക്കാലം അഞ്ചിലോ ആറിലോ പഠിക്കുന്ന സമയം. മഴക്കാലമാണ്, സന്ധ്യാസമയം ആണ്. അമ്മ എന്നെയും അനുജത്തിയേയും കിണറ്റിൻ കരയിൽ നിന്ന് കുളിപ്പിക്കുകയാണ്. വീട്ടിൽ കറണ്ട് ഇല്ലാത്ത കാലഘട്ടമാണ് അധികം ശബ്ദങ്ങളോ ബഹളങ്ങളോ ഇല്ലാത്ത ഗ്രാമം. അച്ഛൻ ജോലി കഴിഞ്ഞ് എത്തിയിട്ടില്ല. "എപ്പോഴാണാവോ വരാ" അമ്മ പറഞ്ഞു.
"വല്ല വണ്ടി കേറി ചത്താ മതിയായിരുന്നു" ഞാൻ ആണ് പറഞ്ഞത്. അമ്മയുടെ കയ്യിൽ നിന്ന് നല്ലൊരു അടി കിട്ടി. " ഇങ്ങനെ പറയാൻ പാടുണ്ടോ കുട്ടികള് " അതെ അച്ഛനെ എനിക്ക് വെറുപ്പായിരുന്നു. എൻ്റ മനസ്സിൽ അച്ഛൻ ഒരു കള്ളുകുടിയനാണ്. അമ്മയെ തല്ലുന്ന വനാണ്.
എന്നും വീട്ടിൽ ബഹളമാണ്. കരച്ചിൽ ഇല്ലാത്ത ദിവസങ്ങളില്ല. എല്ലാവരെയും ചീത്ത വിളിക്കും. അതിന് എന്തെങ്കിലും കാരണങ്ങൾ കണ്ടെത്തും. അതിനുശേഷം അടി. അമ്മ ഒരു ആസ്മ രോഗിയാണ്. അമ്മയെ വലിച്ചിഴക്കുക. അമ്മയും ഞങ്ങളും കിടക്കുന്ന കിടക്കയിലേക്ക് അമ്മിക്കൊഴ കൊണ്ടുവന്ന ഇടുക.
വീട്ടിൻ്റെ മുകളിൽ കയറി നാട്ടുകാരെ തെറി വിളിക്കുക. ഉറക്കെ സംസാരങ്ങൾ കേൾക്കുന്നു ഉണ്ടെങ്കിൽ എങ്കിൽ അത് അച്ഛൻ ആരെങ്കിലുമൊക്കെ വഴക്ക് കൂടുന്നത് ആയിരിക്കും.
അച്ഛൻ്റെ ഒരു വർഷത്തിലെ മൂന്നുമാസം ഇത്തരത്തിലുള്ള പ്രവൃത്തികളുമായി മുന്നോട്ടു പോകും.
അതിൽ അച്ഛൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും നടത്തും. ചിലപ്പോൾ കാളവണ്ടി വാങ്ങൽ ആകാം. അല്ലെങ്കിൽ കാളകളെ. അത്ഭുതപ്പെടുത്തികൊണ്ട് ഇരിക്കും. രാത്രി ഒരു മണിക്ക് 2 കാളകളെയും കൊണ്ട് ഒരു വയലറ്റ് നിറത്തിലുള്ള ടോർച്ചുമായി വന്നിരിക്കുന്ന അച്ഛനെ എൻറെ മനസ്സിൽ ഇപ്പോഴും നിൽക്കുന്നുണ്ട്. മറ്റുചിലപ്പോൾ വൈക്കോല് വണ്ടികൾ ആകാം. 2 കാളവണ്ടി നിറയെ വൈക്കോൽ. രാത്രി വീടിൻ്റെ മുന്നിൽ തട്ടിയിട്ട് ഉണ്ടാവും. രാവിലെ എണീക്കുമ്പോൾ വീട് നിറച്ച് വൈക്കോൽ. വീട് വയ്ക്കുന്നതും മുറികൾ വലുതാക്കുന്നതും എല്ലാം എല്ലാം ഇങ്ങനെ തന്നെ. ഇതിനുവേണ്ട പണം എങ്ങിനെയും കണ്ടെത്തും. മൂന്നുമാസം അതുകൊണ്ട് അടിച്ചുപൊളിക്കും. സ്വന്തം ഇഷ്ടങ്ങൾ മാത്രം. അതിനു ശേഷം ബാക്കി ഒമ്പത് മാസം ഒരു തുള്ളി മദ്യം പോലും അകത്താക്കാതെ സകല പരിശ്രമവും എടുത്തു ഈ വാങ്ങിച്ച കടം എല്ലാം തീർക്കും. ഒരാളുപോലും അച്ഛൻ കാശ് തരാനുണ്ട് എന്ന് പറയില്ല. എല്ലാ പരിപാടികളും നിന്ന് പോയാലും പണമെല്ലാം തിരിച്ചു കൊടുക്കും. അതുകൊണ്ടുതന്നെ എല്ലാവർക്കും ബാലേട്ടൻ ഒരു നല്ല വ്യക്തിയാണ്. ഈ ഒമ്പത് മാസം ഞങ്ങളെയെല്ലാം വളരെ നന്നായി നോക്കും. ഇത്തരത്തിൽ ഒരു മനുഷ്യൻ ഉണ്ടായിരുന്നു എന്നുപോലും തോന്നില്ല. ചെയ്തുപോയ തെറ്റ് എല്ലാം പശ്ചാത്തപിക്കും. ഇനി ആവർത്തിക്കില്ല എന്ന് ആയിരം തവണ പറയും. ഒമ്പത് മാസം കഴിഞ്ഞാൽ വീണ്ടും പഴയ മൂന്നുമാസത്തേക്ക്. കുറേ കഴിഞ്ഞ് ഞങ്ങൾ ഇതിനെ പറയുക അച്ഛനെ സീസണായി എന്നാണ്.
വളരെ നന്നായി പഠിക്കുന്ന ചേട്ടനെ ഇഷ്ടമില്ലായിരുന്നു. ഈ സീസൺ പിരീഡിൽ ചേട്ടനെ നന്നായി ചീത്ത വിളിക്കും ഭീഷണിപ്പെടുത്തും. ഒരിക്കൽ ബുക്ക് വാങ്ങാൻ പൈസ ഇല്ലാത്ത എൻ്റെ ചേട്ടൻ എഴുതിവെച്ച നോട്ടുകളെ മുഴുവനും എടുത്ത് അച്ഛൻ കീറിക്കളഞ്ഞു. ചേട്ടനെ വീട്ടിൽ നിന്ന് ആട്ടിയോടിച്ചു. പാവം ചേട്ടൻ രാത്രിയാണ് ലൈറ്റ് ഇല്ലാത്ത കാലമാണ് മഴക്കാലമാണ്. പാതിരയ്ക്ക് എപ്പോഴോ അച്ഛൻ്റെ താഡവം എല്ലാം കഴിഞ്ഞു കിടന്നുങ്ങി. അതുവരേക്കും ചേട്ടൻ എവിടെയോ ഒളിച്ചിരുന്ന് രാവിലെ ഞാൻ കണ്ടത് വീടിൻ്റെ ഒരു സൈഡിൽ സ്വന്തം വെളുത്ത ഉടുമുണ്ട് കൊണ്ട് കാല് മുതൽ തല വരെ മൂടിപ്പുതച്ച് പേടിപ്പെടുത്തുന്ന രീതിയിൽ ചേട്ടൻ കിടക്കുന്നത് എൻറെ മനസ്സിൽ ഇപ്പോഴുമുണ്ട്. അച്ഛനെ 100 തവണ ഞാൻ അന്ന് കുത്തി കൊന്നിട്ടുണ്ട്. മനസ്സുകൊണ്ട്!
ബാലേട്ടൻ്റെ മക്കൾ എന്നു പറയുന്നത് നാട്ടുകാർക്കെല്ലാം ഒരു തമാശയാണ്. നേരെ ഒന്നും പറയുന്നില്ല എങ്കിലും എനിക്കറിയാം അവർക്കെല്ലാം നമ്മളോട് ഒരു പ്രത്യേക ഭാവം ആണ്. സ്കൂളിലും നാട്ടിൻപുറത്തും കടകളിലും എല്ലാവരെയും നമുക്ക് എന്തോ ഒന്നു കുറവുള്ളവർ ആയിട്ടാണ് വളർന്നത്.
ജീവിതത്തിൻ്റെ നല്ലൊരു ശതമാനം അച്ഛൻ ഇങ്ങനെ തന്നെയായിരുന്നു. ഇതിൽനിന്ന് ഞങ്ങൾ കരകയറിയത് അച്ഛൻ്റെ നല്ല കാലത്ത് എടുത്ത ഒരു തീരുമാനമാണ്. ചേട്ടനെ കൊണ്ട് കോൺട്രാക്ടർ ലൈസൻസ് എടുപ്പിച്ചു. ചേട്ടൻ കോൺട്രാക്ടർ ജോലിയിലേക്ക് തിരിഞ്ഞു. അച്ഛനോടുള്ള മേലുദ്യോഗസ്ഥന്മാരുടെ ഇഷ്ടം വർക്കിലേക്ക് ഉള്ള സഹായങ്ങൾക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. അങ്ങനെ ചേട്ടനിലൂടെ ഞങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടാൻ തുടങ്ങി. അച്ഛനും അച്ഛൻ്റെ ശീലങ്ങളും തുടർന്നുകൊണ്ടേയിരുന്നു. വലിയ ബാധ്യതകൾ ഒന്നും തന്നെ അച്ഛൻ്റെ മേലിൽ തട്ടാതെ പോയി. അച്ഛന് നല്ല ഫ്രീഡം ഉണ്ടായിരുന്നു. സാലറിയും തെറ്റില്ലാത്തത്. അത് മരിക്കുവോളം അച്ഛന് സഹായകമായി. അച്ഛൻ്റെ മോശം കാലഘട്ടങ്ങളിൽ എന്നിലെ ചെറുപ്പക്കാരൻ പലപ്പോഴും അച്ഛനെ കൊല്ലണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്. എൻറെ സിസ്റ്റേഴ്സ് നല്ല ബന്ധങ്ങൾ ഉണ്ടാക്കാൻ കഴിയുമോ എന്ന് എനിക്ക് എന്നും സംശയം ആയിരുന്നു.
ഞാനൊരു മെലിഞ്ഞ പ്രകൃതക്കാരനായിരുന്നു. അതിനാൽ തന്നെ ചെറുപ്പത്തിൽ നടക്കാൻ വളരെ പ്രയാസമായിരുന്നു. ആ സമയത്ത് നാലു വയസ്സിൽ എനിക്ക് നടക്കാനായി ഒരു വണ്ടി ഉണ്ടാക്കി തന്നു എന്നത് അച്ഛൻ എന്നും എന്നെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. അതിനപ്പുറത്തേക്ക് കാര്യമായി എന്തെങ്കിലും ചെയ്തു തന്നിട്ടില്ല എന്ന കുറ്റബോധം ആയിരിക്കാം അച്ഛൻ്റെ ഓർമപ്പെടുത്തലുകൾ എപ്പോഴും കേൾക്കുന്നതാണ്. പക്ഷേ ഈ കളികൾക്കെല്ലാം പുറമേ ഒരു തുണ്ട് ഭൂമി പോലും നശിപ്പിക്കാതെ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിരുന്നു. പത്താം ക്ലാസ് മുതൽ എന്നെ ആസ്മ പിടികൂടി. ആസ്മ മാറുന്നതിനു വേണ്ടി എത്രയോ ഡോക്ടേഴ്സിസിനെ കാണിച്ചിട്ടുണ്ട്. അവസാനം അച്ഛൻ മടുത്തു പറയുമായിരുന്നു ഇവൻ്റ ഈ ചിരട്ട പമ്പരം വലി മാറില്ല. സീസണിൽ അത് ഉറക്കെ ഉറക്കെ പറയും. അതിനുശേഷം ആരും അറിയാതെ ഞാൻ ആസ്മയെ കൈകാര്യം ചെയ്യാൻ തുടങ്ങി ഇൻഹെയ്ലർ ഉപയോഗിച്ചുകൊണ്ട്.
ഇത്രയും വായിച്ചു കഴിയുമ്പോൾ അച്ഛൻ ഒരു വലിയ തെറ്റാണ് എന്ന് പറയാനാണ് ഇത് എഴുതിയിരിക്കുന്നത് എന്ന് തോന്നുന്നുണ്ടെങ്കിൽ അത് എൻറെ എഴുത്തിൻറെ തെറ്റാണ്. ഇന്ന് ഞങ്ങൾ എല്ലാം എത്തി നിൽക്കുന്ന ഞങ്ങളുടെ ജീവിതനിലവാരം അതിലേക്ക് ഞങ്ങളെ എത്തിച്ചത് ഈ അച്ഛൻറെ ചിന്തകളുടെ അല്ലെങ്കിൽ പ്രവർത്തികളുടെ ഫലമാണ്. കാളവണ്ടിയിൽ നിന്ന് കാറുകളിലേക്ക് ആധുനികതയിലേക്ക് എത്തിക്കാൻ കണ്ണിയായി എന്നതാണ് അച്ഛൻ. സാധാരണഗതിയിൽ പ്രവർത്തിച്ചാൽ പ്രയത്നിച്ചാൽ ലക്ഷ്യങ്ങളിലേക്ക് എത്താൻ കഴിയില്ല. നമ്മൾ വിചാരിച്ച ലക്ഷ്യത്തിലേക്ക് എത്താൻ അല്പം ഉറക്കെ ശബ്ദത്തോടെ ബലത്തോടെ കഠിന പ്രയത്നങ്ങളും ഉണ്ടെങ്കിൽ മാത്രമേ എത്തു എന്ന പാഠമാണ് ഇന്ന് ഞങ്ങളിൽ എല്ലാവരിലും ഉള്ളത്. ഇത് പേരക്കുട്ടികളെ പോലും പ്രചോദിപ്പിച്ച ഉണ്ട്.
പ്രവർത്തികളിൽ ചിലസമയങ്ങളിൽ പ്രക്ഷോഭങ്ങൾ ഉണ്ടാകാം എങ്കിൽ മാത്രമേ പ്രവർത്തികൾ നടക്കുകയുള്ളൂ. പൂർണ്ണതയ്ക്ക് ശേഷം പ്രവർത്തിക്കാം എന്നൊന്നില്ല. ഗംഗയും ഗംഗോത്രിയെയും പോലെ. ഗംഗയിൽ അഴുക്കുകൾ ഉണ്ട്. അത് പ്രവൃത്തി മണ്ഡലം ആണ്. എന്നാൽ ഗംഗോത്രി അതിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നുണ്ട് ശാന്തമായി. ശുദ്ധമായി. ശാന്തമായി ശുദ്ധമായി ഒഴുകുന്ന ഗംഗോത്രി തന്നെയാണ് ഗംഗയുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന അഴുക്കുകളെ നീക്കം ചെയ്യുന്നത്. ഇത്തരത്തിലുള്ള ഒരു പ്രക്രിയ പ്രവർത്തനത്തിൽ കൊണ്ടുവന്നതുകൊണ്ടാണ് ഞങ്ങളെല്ലാം ഇന്ന് എത്തിനിൽക്കുന്ന നിലയിൽ എത്തിനിൽക്കുന്നത്. ഞാൻ ഒരു ബിസിനസ് കോച്ചായി ഒരുപാട് സ്ഥാപനങ്ങളുടെ ബിസിനസിനെ സഹായിക്കുന്നുണ്ട്. അവിടെ സംസാരിക്കുന്നതും പരിശീലിപ്പിക്കുന്ന തും എല്ലാം ഒരു നല്ലൊരു ശതമാനം അച്ഛൻറെ രീതികളിൽ നിന്ന് കിട്ടിയ കുറെ പാഠങ്ങളും ഉൾക്കൊള്ളുന്നുണ്ട്. ഒരു കമ്പ്യൂട്ടർ എഞ്ചനീയർ ആയി
ജീവിതമാരംഭിച്ച ഞാൻ, കാലത്തിൻറെ മാറ്റത്തിനനുസരിച്ച് ഇന്ന് ഒരുപാട് സ്ഥാപനത്തിൻറെ സ്റ്റാഫുകളുടെ പ്രചോദനമാണ്. പേരക്കുട്ടികൾ എല്ലാം തന്നെ ഒരുപാട് നല്ല നിലയിൽ ജീവിതത്തിലും തൊഴിൽ മേഖലയിലും പുരോഗമിക്കുന്നു.
വീണ്ടും അച്ഛൻ അഞ്ചു വർഷത്തോളമായി ഈ പാതി കിടപ്പിലായ അമ്മയെ 100% പരിപാലിക്കുന്നത് അച്ഛനാണ്. കുളിപ്പിക്കുന്നതും പല്ലു തേയ്ക്കുന്നതും ഭക്ഷണം കൊടുക്കുന്നതും കൈ കഴുകുന്നതും എല്ലാമെല്ലാമായി അച്ഛൻ അമ്മയെ പരിപാലിക്കുന്നു. അമ്മ നന്നായി ചീത്ത വിളിക്കുന്നു. ഒരക്ഷരം പോലും തിരിച്ചു പറയാതെ അനുസരിക്കുന്നു. അമ്മയോട് ചെയ്തിട്ടുള്ള അതിൻറെ ആയിരം മടങ്ങ് പശ്ചാതാപം അച്ഛൻ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഞാൻ പുറത്തു പോയിട്ടുണ്ടെങ്കിൽ എവിടെയാണ് അവൻ ? എപ്പോഴാണ് വരിക ? എവിടേക്കാ പോയിരിക്കുന്നത് ? ആർക്കാണ് ക്ലാസെടുക്കാൻ ? എന്താ വരാത്തത് ? 12 മണിയായി ഇന്നു വരുമോ ? ഇത്തരത്തിലുള്ള ചോദ്യങ്ങളുമായി ഭാര്യയുടെ പുറകെ ഉണ്ടാകും. നേരെ കണ്ടാൽ മിണ്ടില്ല നോക്കില്ല ഇതെല്ലാം ചോദിച്ച ആളാണ് എന്നു തോന്നുകയുമില്ല.
അന്യൻ്റെ കമിഴ്ന്നു കിടക്കുന്ന പ്ലാവില മലത്തി ഇടരുത്. അച്ഛൻ്റെ ഒരു പോളിസിയാണ്. ഇത് എന്നിൽ അച്ഛൻ സൂക്ഷ്മതയോടെ നിറച്ചിട്ടുണ്ട്. അതുപോലെ പോലെ ഒരു ദിവസം റോഡിൽനിന്ന് കുറേ പ്ലെയിങ് കാർഡ്സ് കൊണ്ടുവന്നതിന് അടി കിട്ടിയിട്ടുണ്ട്, ഈ കളി ഇവിടെ വേണ്ട എന്നുപറഞ്ഞാണ് അടി. ആ കളി ഞാൻ പഠിച്ചിട്ടില്ല കളിച്ചിട്ടുമില്ല കളിക്കുകയുമില്ല. സന്ധ്യക്ക് മുൻപ് വീട്ടിൽ എത്തണം. നല്ല സഹപാഠികളുമായി കൂട്ട് കൂടണം. എല്ലാത്തിനും നല്ല ശുദ്ധി ഉണ്ടായിരിക്കണം. സാധനങ്ങൾ എല്ലാം നന്നായി കഴുകി മാത്രമേ കഴിക്കാവൂ.
ഒന്നിനെയും ഒരു പരിധി വിട്ട് അടുപ്പം (attachment) ചെയ്യരുത്, എല്ലാത്തിനോടും ഒരു തരത്തിലുള്ള അകൽച്ച (detachment) പരിശീലിക്കണം, സ്വന്തം കാലിൽ നിൽക്കണം, ജീവിതത്തിന് ഒരുപാട് ദൈർഘ്യമുണ്ട് ഉണ്ട്, മരണത്തിന് കാണേണ്ടതില്ല, മരുന്നുകൾ കഴിച്ചാൽ അസുഖം ഭേദമാകും, സ്വയം അനുമോദിക്കാനും സന്തോഷിക്കാനും ശീലിക്കണം. കൊടുക്കൽ വാങ്ങൽ എന്നതിന് കൃത്യത വേണം. ഇത്തരത്തിലുള്ള നിരവധി ഗുണപാഠങ്ങൾ അച്ഛൻറെ പുസ്തകത്തിലുണ്ട്. അച്ഛൻ ശരിയായിരുന്നു അല്ലെങ്കിൽ തെറ്റായിരുന്നു എന്ന സമർപ്പിക്കൽ അല്ല ഈ എഴുത്ത്. എൻറെ ഓർമ്മകളിലൂടെ അച്ഛനെ ഒന്ന് ഓടിച്ചാണ്.
ഹോട്ടലിൽ പോയാൽ പാലും വെള്ളമാണ് വാങ്ങി തരിക, ചായ വാങ്ങില്ല. ശരീരത്തിന് ദോഷം വരരുത്, അതിനു വേണ്ടിയിട്ടാണ്. എൻ്റെ ജീവിതത്തിൽ ലഡു, ജിലേബി , മിക്സ്ചർ തുടങ്ങിയവയെല്ലാം ഞാൻ കഴിച്ചത് അച്ഛൻ കൊണ്ടുവന്നിട്ടാണ്. ഓഫീസിൽ ഉള്ള ചടങ്ങുകൾക്കു ശേഷം ബാക്കി വരുന്നതെല്ലാം അച്ഛൻ ഞങ്ങൾക്ക് കൊണ്ടുവരും രണ്ടോ മൂന്നോ ദിവസം കഴിക്കാൻ ഉണ്ടാകും ഒരിക്കലും മറക്കാത്ത ഓർമ്മകൾ ആണ്.
അവസാനനാളുകളിൽ എന്നെക്കാൾ കമ്പനി എൻ്റെ ഭാര്യയോട് ആയിരുന്നു. ഒരു ഗ്ലാസ്സുമായി സീമേ എന്ന് വിളിച്ചുകൊണ്ട് കൗണ്ടറിൽ നിൽക്കുന്ന അച്ഛനെ എനിക്ക് കാണം. കിച്ചൻ കൗണ്ടറിൽ അച്ഛൻ്റെ ഡെയിലി ഉള്ള കോട്ട ഒന്നര ...അതിനുവേണ്ടി. ബാർ സൂക്ഷിപ്പുകാരി അവളാണ്. ബാർ ഉടമ അച്ഛൻ തന്നെ. അച്ഛൻ തന്നെ ശീലിപ്പിച്ചത് ആണ്. അച്ഛനെ നിയന്ത്രിക്കാൻ. നഖം വെട്ടി കൊടുക്കുന്നതിന് മക്കൾക്ക് പ്രത്യേക ടിപ്പ്. എല്ലാം നിലച്ചു പെട്ടെന്നായിരുന്നു. കുറേ കൂടി നോക്കാൻ ഞങ്ങൾ തയ്യാറാക്കുകയായിരുന്നു പുതിയവീട്ടിൽ. പക്ഷേ പിടി തന്നില്ല മിടുക്കൻ. അമ്മയെ അഞ്ചു ദിവസം മുൻപ് വരെ ശുശ്രൂഷിച്ചത് അച്ഛൻ തന്നെയാണ്. ഭക്ഷണം നിർബന്ധിച്ച് കഴിപ്പിക്കുമായിരുന്നു അല്ലെങ്കിൽ നീ ചത്തുപോകും എന്നു പറഞ്ഞുകൊണ്ട്. അച്ഛൻറെ സ്വരം ഉയർന്നിരുന്നത് ഭക്ഷണം കഴിക്കുമ്പോൾ മാത്രമായിരുന്നു. അമ്മയെ ഞങ്ങൾ ഏൽപ്പിച്ച് ആൾ മുങ്ങി. ഇതൊരു 17 കാരൻ്റെ മുങ്ങൽ അല്ലല്ലോ. നൂറിൻ്റെ നിറവിലേക്കുള്ള യാത്ര ആയിരുന്നില്ലേ !
എന്നോട് ഇഷ്ടം ആയിരുന്നൊ... അറിയില്ല. ഇഷ്ടം കാണിക്കാൻ അറിയില്ല. ആ തലമുറയുടെ പ്രത്യേകതകൾ ആകാം ഒരിക്കൽപോലും മോനെ എന്നോ ചിരിച്ചുകൊണ്ടൊ എന്നോട് സംസാരിച്ചിട്ടില്ല. എൻ്റെ സമപ്രായക്കാരായ ഒരുപാട് സുഹൃത്തുക്കൾ അച്ഛനുണ്ട്. എന്നെ പറ്റിക്കാൻ അച്ഛൻറെ കൂട്ടു നിൽക്കുന്നവർ പോലും. അവരോട് എല്ലാ കഥകളും അച്ഛൻ പറയും, തരികിടകൾ അടക്കം. അതുകൊണ്ട് ബാലേട്ടൻ ആണ് എല്ലാവർക്കും. എന്തോ എന്നോട് മാത്രം അങ്ങനെയല്ല. അബദ്ധത്തിൽ ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടായതാണ്ത്രേ ഞാൻ. പക്ഷേ എന്ത് ചെയ്യാം അച്ഛൻ്റെ തനി കോപ്പി ആണ് ഞാൻ രൂപത്തിൽ; സ്വഭാവത്തിൽ അച്ഛനിൽ നിന്ന് ഒരുപാടു പഠിച്ചിട്ടുണ്ട്. ഇങ്ങനെ ആവണം എന്നും ഇങ്ങനെ ആവണ്ട എന്നും എൻറെ അച്ഛനിൽനിന്ന് തന്നെയാണ് ഞാൻ പരിശീലിച്ചത്. അച്ഛനോട് സ്നേഹത്തോടെ സംസാരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഇനിയും സമയമുണ്ട് എന്ന് ഞാനും ധരിച്ചു. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് തന്നെ ചെയ്യണം മാറ്റി വയ്ക്കരുത് എന്ന് എനിക്ക് മനസ്സിലായി. ചെറിയ ചെറിയ വാശികൾ എന്നിലും ഉണ്ടായിരുന്നു. പക്ഷേ അച്ഛനാണ് ജയിച്ചത്. ഒരു ശതമാനം പോലും എന്നെ ആശ്രയിക്കാതെ അദ്ദേഹം യാത്രയായി. ഇപ്പോഴും 100% കടക്കാരൻ ഞാൻ തന്നെയാണ്. എല്ലാം കടന്നുപോയി. സന്തോഷത്തോടെ തന്നെയാണ് സന്തോഷം കാണിച്ചില്ല എന്നേയുള്ളൂ. അത് തലമുറയുടെ കാലഘട്ടത്തിൻ്റെ പ്രത്യേകത ആകാം ഞാൻ അങ്ങനെ വിശ്വസിക്കുന്നു അങ്ങനെ വിശ്വസിച്ചോട്ടെ അച്ഛാ....
വിഷമം : ഇത്രയും ഭൂമി പിടിച്ചു വെച്ച് ഞങ്ങൾക്ക് തന്ന അച്ഛന് ആറടിമണ്ണ് മാറ്റിവയ്ക്കാൻ കഴിഞ്ഞില്ലല്ലോ. അതിന് കോവിഡ് എന്ന വില്ലൻ ചതിച്ചു. സൂക്ഷിക്കാൻ ഒരുപാട് ഓർമ്മകൾ ഞങ്ങളിൽ ഉണ്ട് അച്ഛാ.. അത് വെച്ച് എന്നും മനസ്സിൽ സൂക്ഷിച്ചോളാം...
നിറഞ്ഞ മനസ്സോടെ
ACHA, I LOVE YOU | JP
ayaprakash balan malayalam motivation quote malayalee kerala inspirational quote motivation tip malayalam jayaprakash business trainer business coach 026 ck balan

No comments:

Post a Comment

YES.., അതെ ഇത് പി.സി. തോമസ് “ പി. സി. തോമസ് “ എന്ന ബ്രാൻഡിൽ ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി നിരവധി പ്രൊഫഷണലുകളെ സൃഷ്ടിച്ച ഒരു വലിയ ബ്ര...